കോഴിക്കോട്: താമരശ്ശേരിയിൽ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചു കൊലപ്പെടുത്തിയ ഷഹബാസിനെതിരെയുള്ള ശബ്ദസന്ദേശം പുറത്ത്. കുട്ടിയ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളാണ് പുറത്ത് വന്നത്. ഷഹബാസിനെ അതിക്രൂരമായി ആക്രമിച്ച ശേഷം നടന്ന ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.
അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർത്ഥി ക്രിമിനലുകളുടെ സന്ദേശത്തിൽ, ‘ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും… അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം…’ കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പോലീസ് കേസ് എടുക്കില്ല…’ തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.
കോഴിക്കോട് താമരശ്ശേരിയിൽ ഒരു കൂട്ടം എസ്.എസ്.എൽ.സി. വിദ്യാർഥികൾ ക്രൂരമായി ആക്രമിച്ചപ്പോൾ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കഴിഞ്ഞ ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ യാണ് ഷഹബാസിനെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചത്.
ഷഹബാസിനെ ആക്രമിച്ച താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി. വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രായപൂർത്തിയാവാത്തതിനാൽ തുടർനടപടിയുടെ ഭാഗമായി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ശനിയാഴ്ച രാവിലെ 11-ന് ഹാജരാവാൻ നിർദേശിച്ച് രക്ഷിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.