തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് അനുകൂലമായി മൊഴി നൽകി ഉമ്മ ഷെമി. കട്ടിലിൽ നിന്ന് വീണ് തലയിടിച്ചതാണെന്നാണ് ഷെമിയുടെ മൊഴി. മകൻ ഉപദ്രവിച്ചതിന്റെ സൂചനകളൊന്നും ഷെമി നൽകിയില്ല. മകന്റെ പേരുപോലും പരാമർശിച്ചില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമി ബന്ധുക്കളോടും ഇതേ മൊഴിയായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഒടുവിൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും പ്രസ്താവന ആവർത്തിക്കുകയാണ് ഷെമി ചെയ്തത്.
ഇളയമകനെ കാണണമെന്ന് ഷെമി ആവർത്തിച്ച് ആവശ്യപ്പെടുകയും അഫാൻ എവിടെയെന്ന് തിരക്കുകയും ചെയ്തിരുന്നു. ഇളയ മകനെയും ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും ഭാര്യയേയും പെൺസുഹൃത്തിനെയും മകൻ തലയ്‌ക്കടിച്ച് കൊന്നുവെന്ന കാര്യം ഉമ്മ ഷെമിയെ ഇപ്പോഴും അറിയിച്ചിട്ടില്ല.
ഗൾഫിൽ കടബാധ്യതയെ തുടർന്ന് യാത്രാവിലക്ക് കാരണം പെട്ടുപോയ ഭർത്താവ് റഹീം കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ അദ്ദേഹം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു. ശേഷം കൊല്ലപ്പെട്ട മകന്റെയും ബന്ധുക്കളുടെയും ഖബറിടം സന്ദർശിക്കുകയും ചെയ്തു. നാട്ടിൽ കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് റഹീം വ്യക്തമാക്കി.