തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി പുറത്ത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി താൻ വിദേശത്ത് ഒളിവിലായിരുന്നെന്നും നാട്ടിലേക്ക് വിളിച്ചിരുന്നില്ലെന്നും റഹീം പൊലീസിനോട് പറഞ്ഞു.
കുടുംബത്തിന് 65 ലക്ഷം രൂപ കടബാധ്യതയുള്ള വിവരം തനിക്ക് അറയില്ലായിരുന്നുവെന്നാണ് റഹീം മൊഴി നൽകിയത്. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കയ്യിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നു. അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. അടുത്തിടെ ആ കുട്ടിയുടെ സ്വർണമാല പണയം വച്ചിരുന്നു. ആ മാല പണയത്തിൽ നിന്നെടുത്ത് നൽകാൻ 60,000 രൂപ അയച്ചു. ദിവസങ്ങൾക്ക് മുമ്പാണ് പണം നാട്ടിലേക്ക് അയച്ചതെന്നും റഹീം പറഞ്ഞു.
കൂട്ടക്കൊലയ്‌ക്ക് കാരണം കടബാധ്യതയും വ്യക്തിവൈരാഗ്യവുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 14 പേരിൽ നിന്നായി 65 ലക്ഷം രൂപയാണ് കുടുംബം വാങ്ങിയത്. ഇത് തിരികെ ആവശ്യപ്പെട്ട് ആളുകൾ കുടുംബത്തെ സമീപിച്ചിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനായി അഫാനും കുടുംബവും നേരത്തെ ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.