ന്യൂഡൽഹി: ജനുവരി മാസത്തിലെ യുപിഐ ഇടപാടുകൾ 16.99 ബില്യൺ കവിഞ്ഞതായി കേന്ദ്രസർക്കാർ.സർക്കാരിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഒരു മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. മൂല്യം 23.48 ലക്ഷം കോടി രൂപ കവിഞ്ഞു. രാജ്യത്തുടനീളമുള്ള റീട്ടെയിൽ പേയ്‌മെന്റുകളുടെ 80 ശതമാനവും സംഭാവന ചെയ്യുന്നത് യുപിഐ ആണ്.
2023-24 സാമ്പത്തിക വർഷത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് മേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിലെ മൊത്തം ഇടപാടുകളുടെ അളവ് 131 ബില്യൺ കവിഞ്ഞു. മൂല്യം 200 ലക്ഷം കോടി രൂപ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐയുടെ ഉപയോഗിക്കാനുള്ള എളുപ്പവും, പങ്കാളിത്ത ബാങ്കുകളുടെയും ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെയും വളർന്നുവരുന്ന ശൃംഖലയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഇഷ്ടപ്പെട്ട രീതിയായി യുപിഐ യെ മാറ്റി.
ജനുവരിയിലെ കണക്കനുസരിച്ച്, 80-ലധികം UPI ആപ്പുകളും (ബാങ്ക് ആപ്പുകളും മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കളും), 641 ബാങ്കുകളും നിലവിൽ UPI എക്കോസിസ്റ്റത്തിൽ സജീവമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ (ജനുവരി വരെ) മൊത്തം യുപിഐ വ്യാപ്തിയുടെ 62.35 ശതമാനം പി2എം ഇടപാടുകളും 37.65 ശതമാനം പി2പി ഇടപാടുകളുമാണ്. 2025 ജനുവരിയിൽ P2M ഇടപാടുകളുടെ സംഭാവന 62.35 ശതമാനത്തിലെത്തി. ഇതിൽ 86 ശതമാനം ഇടപാടുകളും 500 രൂപ വരെയുള്ളവയാണ്.
കുറഞ്ഞ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്തുന്നതിന് പൗരന്മാർക്കിടയിൽ യുപിഐക്കുള്ള വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു. യുപിഐ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് പഠിക്കാനുള്ള അവസരമാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ കേംബ്രിഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസർ കാർലോസ് മോണ്ടെസ് അഭിപ്രായപ്പെട്ടു.















