കൊൽക്കത്തയിൽ കുടുംബാംഗങ്ങളായ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ട 14-കാരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തലയിണ മുഖത്തമർത്തി അമ്മാവൻ കൊല്ലാൻ ശ്രമിച്ചപ്പോൾ തന്റെ യോഗാ ടെക്നിക്കുകൾ പ്രയോഗിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നാണ് 14-കാരന്റെ മൊഴി.
സ്ഥിരമായി യോഗ ചെയ്തിരുന്നയാളാണ് താൻ. ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ചില യോഗാ പരിശീലനവും ചെയ്തിരുന്നു. ഏറെ നേരം ശ്വാസം പിടിച്ചുനിർത്തി ബ്രീത്തിംഗ് കപ്പാസിറ്റി കൂട്ടാൻ പരിശീലിച്ചു. അമ്മാവൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ തന്റെ യോഗ ഗുണം ചെയ്യുകയായിരുന്നു. തന്റെ മുഖത്ത് തലയണ അമർത്തിയപ്പോൾ ശ്വാസം പിടിച്ചുവച്ചു. മരിച്ചതുപോലെ താൻ അഭിനയിക്കുകയും ചെയ്തു. താൻ കൊല്ലപ്പെട്ടെന്ന് കരുതി അമ്മാവൻ മുറിയിൽ നിന്ന് പോയി. ഇതോടെയാണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് 14-കാരൻ പൊലീസിനോട് വെളിപ്പെടുത്തി.
ഫെബ്രുവരി 19-നാണ് നാടിനെ നടുക്കുന്ന കൂട്ടക്കൊല ഉണ്ടായത്. കൊൽക്കത്തയിലെ ടാംഗ്ര ഏരിയയിലായിരുന്നു സംഭവം. ഒരു വീട്ടിലെ മൂന്ന് പേരായിരുന്നു കൊല്ലപ്പെട്ടത്. മൂന്ന് പേരും സ്ത്രീകളായിരുന്നു. ഇതിൽ ഒരാൾ 14-കാരന്റെ അമ്മയാണ്. മൂന്ന് പേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേദിവസം തന്നെയാണ് വീട്ടിലെ മറ്റ് കുടുംബാംഗങ്ങളായ മൂന്ന് പുരുഷന്മാർ കാറപകടത്തിൽപ്പെട്ട് പരിക്കേറ്റത്. മൂവരും സഞ്ചരിച്ച കാർ മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 14-കാരനെ കൊല്ലാൻ ശ്രമിച്ച അമ്മാവനുമുണ്ട്.
ചികിത്സയിൽ കഴിയുന്നവർ നൽകിയ മൊഴി പ്രകാരം തുകൽ ബിസിനസ് പൊളിഞ്ഞതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നുവെന്നാണ് വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ടിരുന്നതായും പരിക്കേറ്റവർ വെളിപ്പെടുത്തി.