സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹവും വിവാഹാഘോഷവും അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മധുവിധു ആഘോഷത്തിന്റെ ഭാഗമായി നിലവിൽ അസർബൈജാനിലാണ് നവദമ്പതികൾ. മഞ്ഞ് വാരിയെറിഞ്ഞും കുറുമ്പും കാട്ടിയും നിൽക്കുന്ന ആരതിയുടെ വീഡിയോ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആരതിയെ കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവക്കുകയാണ് റോബിൻ.
“എന്റെ ജീവിതത്തിനും എന്റെ ഉള്ളിലെ പ്രണയത്തിനും ഒരർത്ഥം ഉണ്ടായത് പൊടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ആയിരുന്നു. പൊടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മഞ്ഞ് പെയ്യുന്നത് കാണണം എന്നുള്ളത്. ഇന്ന് അവൾ ഈ മഞ്ഞിൽ കൊച്ചുകുഞ്ഞുങ്ങളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ എന്റെ മനസിൽ ഉണ്ടായ സന്തോഷം എത്രമാത്രം എന്ന് എന്റെ കണ്ണുകൾ ഈറനണിഞ്ഞപ്പോൾ എനിക്ക് മനസിലായി.
ഇന്ന് അവളുടെ സന്തോഷത്തോടൊപ്പം ഞാനും ഏറെ സന്തോഷവാനാണ്. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ കൂടി ഞാൻ അനുഭവിച്ചത് മനോഹരമായ നിമിഷങ്ങളാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ. നിന്നോളം പ്രിയപ്പെട്ടതായി ഒന്നും എന്റെ ജീവിതത്തിൽ വന്നു ചേരാനില്ല പൊടി”- റോബിൻ കുറിച്ചു.















