ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന നിർണായക തീരുമാനവുമായി ഡൽഹി സർക്കാർ. പുതിയ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്ന് മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനായി ഇന്ധന പമ്പുകളിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കും. പുറത്തുനിന്ന് ഡൽഹിയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കർശനമായി പരിശോധിക്കും.മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതും പഴക്കമുള്ളതുമായ വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക ടാസ്ക് ഫോഴ്സുകൾക്ക് രൂപംനൽകും.
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) റോഡുകളിൽ ഓടുന്നത് നിരോധിച്ചുള്ള തീരുമാനം നേരത്തെയുണ്ട്. ഇത് കർശനമാക്കാനാണ് സർക്കാർ നീക്കം. 2025 ഡിസംബറോടെ ഡൽഹിയിലെ പൊതുഗതാഗതത്തിൽ നിന്ന് സി.എൻ.ജി ബസുകളിൽ ഏകദേശം 90 ശതമാനവും പിൻവലിച്ച് പകരം ഇലക്ട്രിക് ബസുകൾ കൊണ്ടുവരും എന്നാണ് ലക്ഷ്യമിടുന്നത്.
ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ചകൾ നടത്തിയിരുന്നു.















