ഹൈദരാബാദ്: ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് പങ്കെടുക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ രവി ഗാനിഗ. കന്നഡയിലാണ് അവർ കരിയർ ആരംഭിച്ചത്. എന്നിട്ടും കന്നഡ സിനിമാ മേഖലയെ അവഗണിച്ച രശ്‌മികയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്ന് കർണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചോദിച്ചു. 2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിരിക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
“കർണാടകയിൽ കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന, കഴിഞ്ഞ വർഷം ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ വിസമ്മതിച്ചു,” എംഎൽഎ തിങ്കളാഴ്ച വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കന്നഡ സിനിമാ മേഖലയിൽ തുടക്കം കുറിച്ചിട്ടും കർണാടകയെയും കന്നഡ ഭാഷയെയും താരം അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്ന് ഗാനിഗ ആരോപിച്ചു. രശ്മിക മന്ദാനയെ പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കർണാടക സന്ദർശിക്കാൻ സമയമില്ലെന്ന് പറഞ്ഞ് അവർ നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
“എനിക്ക് ഹൈദരാബാദിൽ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയവുമില്ല. എനിക്ക് വരാൻ കഴിയില്ല” എന്ന് അവർ പറഞ്ഞു. ഞങ്ങളുടെ നിയമസഭാംഗമായ ഒരു സുഹൃത്ത് അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു, പക്ഷേ അവർ വിസമ്മതിച്ചു, ഇവിടുത്തെ വ്യവസായത്തിൽ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ?” ഗാനിഗ ചോദിച്ചു. രശ്മികയുടെ ഈ പെരുമാറ്റത്തിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. പതിനാറാമത് ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിന് കന്നഡ സിനിമാ താരങ്ങളെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണിത് .















