ന്യൂഡൽഹി: ‘ദ രൺവീർ ഷോ’യുടെ സംപ്രേഷണം പുനരാരംഭിക്കാൻ യൂട്യൂബർ രൺവീർ അലഹബാദിയക്ക് അനുമതി നൽകി സുപ്രീം കോടതി. പ്രായഭേദമന്യേ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പോഡ്‌കാസ്റ്റുകൾ സംപ്രേഷണം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചു.
280 ജീവനക്കാരുടെ ഉപജീവനമാർഗം രൺവീർ ഷോയുടെ സംപ്രേഷണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഷോ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നുമുള്ള രൺവീറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സൂര്യ കാന്ത്, എൻ കോടീശ്വർ എന്നിവരുടേതാണ് നിരീക്ഷണം.
കൊമേഡിയൻ സമയ് റൈനയുടെ India’s Got Latent എന്ന യൂട്യൂബ് ഷോയിൽ വിധികർത്താവായി എത്തിയ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല തമാശ വിവാദമാവുകയും യൂട്യൂബർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തിൽ രൺവീറിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. രൺവീർ ഷോ സംപ്രേഷണം ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഏക ഉപജീവനമാർഗമാണെന്നും മുന്നൂറോളം പേർ ഇത് ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കോടതിയെ അറിയിച്ചതോടെ ഉപാധികളോടെ വിലക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഹനിക്കപ്പെടാത്തതും ആർട്ടിക്കിൾ 19(4) ന്റെ പരിധിക്കുള്ളിൽ വരുന്നതുമായ തരത്തിൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഏതൊരു നിയന്ത്രണ നടപടിയുടേയും കരട് പൊതുജനങ്ങൾക്ക് മുന്നിൽ വയ്‌ക്കാവുന്നതാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണപരമായതതോ ജുഡീഷ്യൽ നടപടിയോ സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.















