അര നൂറ്റാണ്ടിലേറെയായി ഭാരതത്തിലെ ദന്താരോഗ്യ മേഖലയിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്ന സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ ഏറെ അഭിമാനത്തോടെ കേരളത്തിലെ പൊതുജന സമക്ഷം ചില കാര്യങ്ങൾ ഓർമിപ്പിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. സുഭാഷ് കെ മാധവൻ.
തീർത്തും പ്രാകൃതവും പ്രാചീനവുമായ ചികിത്സാരീതികളെ പൂർണമായും പുറന്തള്ളി ശാസ്ത്രീയമായി നവീകരിക്കപ്പെട്ട ദന്ത ചികിത്സ ഇന്ത്യയിൽ അരങ്ങേറുന്നത് 1946ൽ ഡോക്ടർ റഫുദീയൻ അഹമ്മദ് എന്ന കഠിനാധ്വാനിയായ ഒരു ഭിഷഗ്വരനിലൂടെയാണ്. കൊൽക്കത്തയിൽ പിന്നീട് നിരന്തരം നടത്തപ്പെട്ട ഗവേഷണ പഠനങ്ങളിലൂടെയും ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെയുമാണ് ഇന്ന് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ സ്ഥാനത്ത് ഇന്ത്യയിലെ ദന്തശാസ്ത്രമെത്തിയത്. താരതമ്യേന ചിലവ് കുറഞ്ഞ ഏറ്റവും മികച്ച ദന്ത ചികിത്സ ലഭ്യമാകുന്ന ഒരിടമാണ് ഭാരതം പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ദന്ത ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയ്‌ക്കായി വന്നെത്തുന്ന വിദേശികളുടെ കണക്കും അതുവഴി നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുന്ന വിദേശ നാണ്യവും കൂടാതെ നമ്മുടെ യശസ്സും പ്രത്യേകം പരാമർശം അർഹിക്കുന്നു.
ലോകത്തിലെ ഏതു കോണിൽ കണ്ടുപിടിക്കപ്പെടുന്ന പുതിയ ചികിത്സ രീതികളും മാസങ്ങൾക്കുള്ളിൽ അതിനേക്കാൾ കുറഞ്ഞ ചിലവിൽ യഥാർത്ഥ മികവോടെ തന്നെ കേരളത്തിൽ ലഭ്യമാവും എന്നതാണ് യാഥാർത്ഥ്യം. അതിന് പിന്നിൽ അദ്ധ്വാന ശീലരും ഗവേഷണ കുതുകികളുമായ നിരവധി ദന്ത ഡോക്ടർമാരുടെയും 1969ൽ സംസ്ഥാനത്ത് രൂപീകൃതമായ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും നിതാന്ത ജാഗ്രതയുമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 39 ബ്രാഞ്ചുകളിലൂടെ അംഗങ്ങൾക്കായി നിരന്തരം നൽകുന്ന പഠന പദ്ധതികളിലൂടെ ഏത് നവീന ചികിത്സയും സാധാരണക്കാർക്ക് താരതമ്യേന കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ സംഘടന ശ്രദ്ധ ചെലുത്താറുണ്ട്.
കേരളത്തിന്റെ ദന്താരോഗ്യ മേഖലയിൽ ഗവർമെന്റിനൊപ്പമോ അല്ലെങ്കിൽ അതിൽ അധികമോയായി സംഘടന നടത്തുന്ന ഇടപെടലുകൾ നിരവധിയുണ്ട്.അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് അനവധി ഇടങ്ങളിലായി പ്രവർത്തിക്കുന്ന സൗജന്യ ഡെന്റൽ യൂണിറ്റുകൾ, സൗജന്യ ചികിത്സാ ക്യാമ്പുകൾ,സൗജന്യ പല്ല് സെറ്റ് വിതരണ ക്യാമ്പുകൾ,ആശ്രയ ഭവനങ്ങളുടെ അഡോപ്ഷൻ പദ്ധതികൾ,സാമൂഹ്യ ബോധവൽക്കരണം ഉദ്ദേശിച്ച് നടത്തപ്പെടുന്ന ക്ലാസുകൾ,ക്യാൻസർ സുരക്ഷാ പദ്ധതികൾ, പോസ്റ്ററുകൾ തുടങ്ങി ഓരോ വർഷവും കേരളത്തിന്റെ സാധാരണ ദന്ത ഡോക്ടർമാർ അവരുടെ സമ്പാദ്യവും പ്രയത്നങ്ങളും ഒരു ചെറുതല്ലാത്ത പങ്ക് സമൂഹത്തിന്റെ നന്മയ്‌ക്കായി തന്നെ ഉപയോഗപ്പെടുത്താറുണ്ട്.
ഇങ്ങനെ സാമൂഹ്യ നന്മ മാത്രം ലക്ഷ്യം വെച്ച് ഓരോ വർഷവും സംഘടന ചിലവഴിക്കുന്നത് കോടിക്കണക്കിന് രൂപയാണ് എന്നതും പരാമർശിക്കാതെ വയ്യ. എന്നിട്ടും ഗവൺമെന്റ് സംസ്ഥാനത്തിലെ ദന്തഡോക്ടർമാരുടെ പ്രശ്നങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ് ഏറെ സങ്കടകരമായ വസ്തുത. സംഘടന ഏറെക്കാലമായി ആവശ്യപ്പെടുന്ന ദന്ത ശാസ്ത്ര ശാഖ പഠനങ്ങൾ ക്കായി മാത്രം ഒരു ഡയറക്ടറേറ്റിന്റെ അഭാവം, പിന്നെ അശാസ്ത്രീയമായി അനുവദിക്കപ്പെടുന്ന ഡെന്റൽ കോളേജുകളുടെ ആധിക്യം, കാലത്തിനനുസൃതമായി മാറ്റം വരുത്താത്ത കരിക്കുലം ഇവയൊക്കെയും ദന്ത ശാസ്ത്രശാഖയുടെ നിലവാര തകർച്ചയ്‌ക്കും വഴിവയ്‌ക്കുന്നതാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ കൊച്ചു കേരളത്തിൽ മാത്രം 25ലധികം ഡെന്റൽ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്.
പിന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെയും ചേർത്താൽ കേരളത്തിൽ വന്നണയുന്ന പതിനായിരക്കണക്കിന് ദന്തഡോക്ടർമാർക്ക് തൊഴിൽ അവസരങ്ങൾ തീർത്തും ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴേ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ രോഗി അനുപാതത്തിലും എത്രയോ അധികം ദന്തഡോക്ടർമാർ കേരളത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഏറെ നിരാശാജനകമായ വസ്തുത എന്തെന്നാൽ വെറും 700ല്‍ താഴെ മാത്രമാണ് ഡെന്റൽ ബിരുദം നേടിയവർക്കായി ഗവൺമെന്റ് തലത്തിൽ തൊഴിലവസരങ്ങൾ നിലവിലുള്ളത്.അതായത് ബാക്കി 99ശതമാനം പേരും സ്വകാര്യമേഖലയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നു എന്നർത്ഥം. അവർക്കായി നിരവധി ക്ഷേമ പദ്ധതികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ഏറ്റവും പെട്ടെന്ന് ഇടപെടലുകൾ ഉണ്ടാവുമെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഈ പരിമിതികൾക്കുള്ളിലും സകല പ്രതിസന്ധികളെ തരണം ചെയ്ത് ദന്താരോഗ്യ മേഖലയുടെ ശബ്ദമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച്. അതു കൊണ്ടുതന്നെ മാർച്ച് ആറിന് ഓരോ വർഷവും നടത്തിവരാറുള്ള ഡെന്റിസ്റ്റ് ഡേ എന്ന അഭിമാനദിനം സമൂഹത്തിന് സേവനമേഖലയിൽ നിരവധി സമ്മാനങ്ങൾ നൽകി ഞങ്ങൾ ആഘോഷിക്കുകയാണ് ഈ വർഷവും.ദന്താരോഗ്യ പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മയക്കുമരുന്നുകളുടെ ദുരുപയോഗത്തിന്റെ ദുരന്തങ്ങളെ കുറിച്ചും സ്കൂൾ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനും ഉള്ള ക്യാമ്പുകൾ, കേരളത്തിലെ ഡെന്റൽ ക്ലിനിക്കുകൾ ഓറൽ ക്യാൻസർ നിർണയത്തിനുള്ള പ്രാഥമിക കേന്ദ്രങ്ങൾ ആക്കി ഉയർത്തുന്നതിനുള്ള ബൃഹത് പദ്ധതികളുമായാണ് 2025 ൽ ഞങ്ങൾ മുന്നോട്ടുപോകുന്നത്.