കൊച്ചി: ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് ജീവനൊടുക്കിയ ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല റാഗിങ് വിരുദ്ധ സമിതി നടത്തുന്ന അന്വേഷണം 31-നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയ പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവിലെ സ്റ്റേ തുടരും. കേസ് ഏപ്രിൽ ഒൻപതിന് വീണ്ടും പരിഗണിക്കും.സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
അന്വേഷണത്തിന് മേയ് വരെ സമയമനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. ഇത് നടപടികൾ വൈകിപ്പിക്കാനാണെന്ന് ഹർജിക്കാരിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ആയിരുന്ന ജെ എസ് സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് സർവകലാശാല ഹോസ്റ്റലിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിന്റെ ഭാഗമായി ക്രൂരമർദനം നേരിട്ട് ജീവനൊടുക്കിയെന്നാണ് കേസ്.















