തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവത്തിന് ഇന്ന് രാവിലെ തുടക്കമായി.ഇന്ന് രാവിലെ 10 മണിക്കാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത്
13ന് രാവിലെ 10.15ന് ആണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഉച്ചയ്‌ക്ക് 1.15ന് പൊങ്കാല നിവേദിക്കും.14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. 14ന് രാത്രി ഒന്നിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് പ്രധാന വേദിയായ അംബയില്‍ ചലച്ചിത്രതാരം നമിതപ്രമോദ് നിര്‍വഹിക്കും. സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയെ ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ആദരിക്കും.
9 ന് വൈകിട്ട് 6 ന് ക്ഷേത്രത്തിന് മുൻവശത്ത് 101 കലാകാരൻമാരെ അണിനിരത്തി നടൻ ജയറാം നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.















