എറണാകുളം: സംവിധായകൻ ദീപു കരുണാകരനെതിരെ പരാതിയുമായി നടി അനശ്വര രാജൻ. താര സംഘടനയായ അമ്മയ്‌ക്കാണ് അനശ്വര പരാതി നൽകിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രമോഷന് താൻ സഹകരിക്കുന്നില്ലെന്ന ആരോപണത്തിനെതിരെയാണ് നടി പരാതി നൽകിയത്.
തന്നെയും അമ്മയെയും മാനേജരെയും ആക്ഷേപിക്കുന്ന പ്രസ്താവനകളാണ് സംവിധായകൻ നടത്തിയതെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അനശ്വര പറയുന്നു. നിർമാതാവ് കാശ് തരാതെ മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും എന്നാൽ ഷൂട്ട് തീരട്ടെയെന്ന് വിചാരിച്ച് താൻ മുന്നിട്ടിറങ്ങിയെന്നും അനശ്വര കുറിപ്പിൽ പറയുന്നു.
‘എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. റിലീസ് തീയതിക്ക് തൊട്ട് മുമ്പേ സിനിമയുടെ ഭാഗമായി ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുമുള്ള വിവരങ്ങൾ വന്നിട്ടില്ല. ചിത്രം റിലീസ് ആകാൻ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ പൊടുന്നനെ ചാനലുകളിൽ പ്രത്യക്ഷപെട്ട് എന്നെയും, എന്റെ അമ്മ, Manager തുടങ്ങിയവരെ ആക്ഷേപിക്കുന്ന കാര്യങ്ങളാണ് ദീപു പറയുന്നത്’.
‘ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായ തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപെടുത്തി വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനൽ, വ്ലോഗേർസ് എന്നിവർക്കെതിരെ നിയമപരമായ നീങ്ങുകയാണെന്നും’ അനശ്വര കുറിപ്പിൽ പറയുന്നു.















