വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ (Tahawwur Hussain Rana). ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു. പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക് കൈമാറരുതെന്നും അഭ്യർത്ഥിച്ചാണ് 63-കാരനായ റാണ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ ഒളിവുജീവിതം നയിക്കുകയും പിന്നീട് യുഎസ് പൊലീസിന്റെ അറസ്റ്റിലായി തടവിൽ കഴിയുകയും ചെയ്യുന്ന റാണയെ വിട്ടുതരണമെന്നത് ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെന്നിരിക്കെയാണ് ഭീകരാക്രമണക്കേസ് പ്രതിയുടെ പുതിയ ഹർജി.
175 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണത്തിൽ തഹാവൂർ റാണയ്‌ക്കുള്ള പങ്കിന്റെ തെളിവുകൾ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുകയും ചെയ്തതാണ്. ലോസ് ആഞ്ചൽസിലെ ജയിലിൽ കഴിയുന്ന റാണ, ലഷ്കർ ഇ ത്വയ്ബ ഭീകരനായ ഡേവിഡ് ഹെഡ്ലിയുടെ സഹായിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ പ്രധാനിയുമായിരുന്നു.
നിലവിൽ അമേരിക്കൻ സുപ്രീംകോടതിക്ക് റാണ നൽകിയ ഹർജിയിൽ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങളാണ് റാണ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം, പാർക്കിൻസൺ രോഗം, മൂത്രാശയ കാൻസറിനുള്ള സാധ്യത എന്നിവയെല്ലാം റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാക്കാൻ ഒരുപക്ഷെ റാണയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നും അത്രയും നാൾ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു. തീർത്തും സങ്കീർണത നിറഞ്ഞ സാഹചര്യങ്ങളിലേക്ക് റാണയെ വിട്ടുകൊടുക്കരുത്. ദേശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷങ്ങൾക്ക് ഇരയാകുമെന്നും തഹാവൂർ റാണയുടെ നിയമസംഘം കോടതിയെ അറിയിച്ചു.
സമാനമായ അപ്പീൽ നേരത്തെയും റാണ സമർപ്പിച്ചിരുന്നെങ്കിലും ജനുവരി 21ന് ഇത് യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയതായി പ്രസിഡന്റ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോഴായിരുന്നു തഹാവൂർ റാണയുടെ കാര്യത്തിൽ ട്രംപ് ഉറപ്പ് നൽകിയത്.















