നടി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി 2024ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ജിഗ്ര. വസൻ ബാല സംവിധാനം ചെയ്ത ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയതെങ്കിലും ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആലിയ. ജിഗ്രയുടെ പരാജയത്തെക്കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് താരം. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിലാണ് ആലിയ ഭട്ടിന്റെ പ്രതികരണം. ജിഗ്രയുടെ പരാജയത്തിൽ തളരുകയല്ല, കൂടതൽ ഉന്മേഷമുണ്ടാവുകയാണ് ചെയ്തതെന്ന് ആലിയ പറഞ്ഞു.
അഭിനയത്തോടും പ്രൊഫഷനോടും അഭിനിവേശമുള്ള വ്യക്തിയാണ് ഞാൻ. നിർമാതാവെന്ന നിലയിലും അങ്ങനെ തന്നെയാണ്. വലിയ ആവേശമാണ് എനിക്കുള്ളത്. എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് സ്വപ്നങ്ങളും എനിക്കുണ്ട്. അത് ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങളാണ്. കഴിഞ്ഞ വർഷം എന്റെയൊരു സിനിമയ്‌ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാലത് ഇനിയും പരിശ്രമിക്കാനുള്ള ഉന്മേഷവും പുതിയ സ്വപ്നങ്ങളുമാണ് എനിക്ക് നൽകിയത്. – ആലിയ പറഞ്ഞു.
കഴിഞ്ഞ വർഷം ദസ്സറ വേളയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ജിഗ്ര. ചെയ്യാത്ത കുറ്റത്തിന് വിദേശരാജ്യത്ത് തടവിലാക്കപ്പെട്ട സഹോദരനെ രക്ഷിക്കാൻ സഹോദരി നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ് ആലിയയുടേതായി റിലീസിനെത്താനുള്ള അടുത്ത സിനിമ. രൺബീർ കപൂറും വിക്കി കൗശലും ഒരുമിച്ചെത്തുന്ന പ്രോജക്ട് കൂടിയാണ് ലവ് ആൻഡ് വാർ.