തിരുവനന്തപുരം: മാല പണയം വയ്‌ക്കാൻ ചോദിച്ചിട്ട് നൽകാത്തതിന്റെ ദേഷ്യത്തിലാണ് പിതാവിന്റെ ഉമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ. പാങ്ങോട് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നേരത്തെ നൽകിയ മൊഴി പ്രതി വീണ്ടും ആവർത്തിച്ചത്.
താൻ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും എന്നാൽ കൊലപാതകത്തിന് ഒരു സിനിമയും സ്വാധീനിച്ചിട്ടില്ലെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. “കുടുംബത്തിന് വലിയ കടബാധ്യതയുണ്ടായിരുന്നു. കൂടാതെ സ്വർണമാല തരാത്തതിന് ഉമ്മൂമ്മയോട് ദേഷ്യവുമുണ്ടായിരുന്നു. ഇതാണ് കൊലയ്‌ക്ക് കാരണം. ഉമ്മൂമ്മയോട് പല തവണ സഹായം ചോദിച്ചിരുന്നു. മാല തരാനും ആവശ്യപ്പെട്ടു. അത് നൽകാൻ തയാറാകാത്തത് കൊണ്ടാണ് ആദ്യം തന്നെ ഉമ്മൂമ്മയെ കൊലപ്പെടുത്തിയതെന്നും” അഫാൻ പൊലീസിനോട് പറഞ്ഞു.
പ്രതിയെ അടുത്തദിവസം തന്നെ സൽമ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. മറ്റ് നാല് കൊലപാതകങ്ങളിലും അഫാന്റെ അറസ്റ്റ് വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവ് ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇളയ മകൻ അഫ്സാന്റെ മരണവിവരം ഷെമിയെ അറിയിച്ചു.