ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ അതിക്രമത്തെ അപലപിച്ച് യുകെ. പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലണ്ടനിലെ ചാത്തം ഹൗസിന് പുറത്ത് ഇന്ത്യൻ ദേശീയ പതാകയും ഉച്ചഭാഷിണികളുമായാണ് ഖാലിസ്ഥാൻ ഭീകരർ പ്രതിഷേധിച്ചത്. ഇവിടെ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ജയശങ്കറിന് നേരെ ആക്രമണശ്രമം.
“ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ യുകെ സന്ദർശന വേളയിലുണ്ടായ സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പൊതുപരിപാടികൾ തടസപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാൻ ശ്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകുന്ന കാര്യമല്ല. സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടു. രാജ്യത്തെത്തുന്ന നയതന്ത്ര സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും” യുകെ വിദേശകാര്യ മന്ത്രാലയം പറയുന്നു.
വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലവും ശക്തമായി അപലപിച്ചിട്ടുണ്ട്. വിഘടനവാദികളും തീവ്രവാദികളും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ഇത്തരം സന്ദർഭങ്ങളിൽ ഭരണകൂടം അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.















