ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയ്ക്ക് യുഎസ് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. പാക് വേരുകളുള്ള മുസ്ലീമായതിനാൽ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് ആവശ്യപ്പട്ട് കൊണ്ട് സമർപ്പിച്ച അടിയന്തര ഹർജി സുപ്രീംകോടതി തളളി.
ഇന്ത്യയിലേക്ക് വരാതിരിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്. പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക് കൈമാറരുതെന്നുമായിരുന്നു റാണയുടെ വാദം. തീർത്തും സങ്കീർണത നിറഞ്ഞ ദേശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷങ്ങൾക്ക് ഇരയാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ ആരോഗ്യപ്രശ്നങ്ങളുടെ നീണ്ട നിരതന്നെ ഹർജിയിൽ നിരത്തിയിരുന്നു. ഹൃദ്രോഗം, പാർക്കിൻസൺ രോഗം, മൂത്രാശയ കാൻസറിനുള്ള സാധ്യത എന്നിവയെല്ലാം റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാകുന്നത് വരെ റാണ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അമേരിക്കയിൽ ഒളിവുജീവിതം നയിക്കുകയും പിന്നീട് യുഎസ് പൊലീസിന്റെ അറസ്റ്റിലായി തടവിൽ കഴിയുകയും ചെയ്യുന്ന റാണയെ വിട്ടുതരണമെന്നത് ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിലാണ് ഇത് സംബന്ധിച്ച് അന്തിമ ഉറപ്പ് ലഭിച്ചത്.















