കണ്ണൂർ : ലഹരിക്കേസ് പ്രതികൾക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റമെന്ന് ആരോപണം. കണ്ണൂർ നാറാത്ത് ടിസി ഗേറ്റിലാണ് സംഭവം. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് ലഹരിയുമായി എക്സൈസിന്റെ പിടിയിലായത്. 17 ഗ്രാം എംഡി എം എ,രണ്ടരക്കിലോ കഞ്ചാവ്,35 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് എൽഎസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസിന്റെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇരുവരെയും പിടികൂടി കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. പ്രതികൾക്കു നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.രാപ്പകൽ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. സംശയം തോന്നി നാട്ടുകാർ താക്കീത് നൽകിയെങ്കിലും യുവാക്കൾ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വിൽപ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്‌ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ യുവാക്കൾ വീടിന്റെ ഒന്നാം നിലയിലായിരുന്നു.
പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെ പ്രതികളെ എക്സൈസ് വാഹനത്തിൽ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്‌ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.















