ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെയും വനിത യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പുത്തൻ ആശയവുമായി റെയിൽവേ. സ്വയസുരക്ഷയ്‌ക്ക് വേണ്ടി ആർപിഎഫിലെ (RAILWAY PROTECTION FORCE) വനിതാ ഉദ്യോഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്യും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നതിനും സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വനിതാ ഉദ്യോഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്യുന്നതെന്ന് റെയിൽവേ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ചില്ലി സ്പ്രേ ഉപയോഗിക്കാനാകും. ഇത് വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് അധിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് നിഗമനം. ഒറ്റപ്പെട്ട സ്റ്റേഷനുകൾ, വിദൂരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ വനിതാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയുടെ പുതിയ ആശയം സഹായകമായിരിക്കും.
സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടാണ് ഇത്തരമൊരു ആശയത്തിന് തങ്ങളെ പ്രചോദിപ്പിച്ചതെന്ന് ആർപിഎഫ് ഡയറക്ടർ മനോജ് യാദവ് പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വേണ്ടി നിരവധി നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ ശക്തിയുടെയും കരുതലിന്റെയും പ്രതീകങ്ങളാണ്. അവരുടെ സുരക്ഷയ്‌ക്ക് റെയിൽവേ മുൻഗണന നൽകുന്നു. ചില്ലി സ്പ്രേ നൽകുന്നത് സ്വയം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.















