ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന ഡൽഹി സർക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്ട്രേഷന് ഇന്ന് തുടക്കം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആപ്പ് പുറത്തിറക്കും.
എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് മൊബൈൽ ആപ്പുകൾ സഹായിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 5,000 സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലെ 20 ലക്ഷം സ്ത്രീകൾകക് പദ്ധതി പ്രയോജനമാകും.
പദ്ധതിയുടെ കൂടുതൽ നടപടിക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ ഇന്ന് മന്ത്രിസഭാ യോഗം ചേരും. രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക. അർഹതയുള്ള സ്ത്രീകളെ കണ്ടെത്തുന്നതിന് സർക്കാർ വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ അർഹതയുള്ളൂ. കൂടാതെ 18-വയസിനും 60-നും ഇടയിലുള്ളവരായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാരിൽ നിന്ന് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവരോ ആകരുത്. മൊബൈൽ ആപ്പിലൂടെ ആധാർ കാർഡ്, വോട്ടർ ഐഡി, ബിപിഎൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾക്കൊപ്പം അപേക്ഷകൾ സമർപ്പിക്കാൻ കഴിയും.















