തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഉമ്മ ഷെമിയെ ആദ്യം ഷാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് അഫാൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
“ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നത്. വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കി. ഉമ്മ മരിച്ചെന്ന് കരുതി വീട് പൂട്ടി ഇറങ്ങി. പിന്നീട് ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി ഉമ്മൂമ്മയെ കൊലപ്പെടുത്തി. അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ വാതിൽ തുറന്നപ്പോൾ ഉമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. ചുറ്റിക കൊണ്ട് വീണ്ടും തലയ്‌ക്കടിച്ചുവെന്നും” അഫാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിയെ പിതാവിന്റെ ഉമ്മ സൽമ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടിലേക്ക് കയറാൻ ആദ്യം മടിച്ച അഫാൻ പൊലീസ് നിർബന്ധിച്ചതോടെ അകത്തേക്ക് കയറി നടന്ന കാര്യങ്ങൾ വിവരിച്ചു. 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി. പിന്നീട് അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടന്നു.
അഫാനും കുടുംബത്തിനും 70 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. അഫാന്റെയും ഉമ്മയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കടബാധ്യതകളെ കുറിച്ച് വ്യക്തമായത്.