ലക്നൗ: ഉത്തർപ്രദേശിൽ നിന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. 18 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹിസ്ബുൾ ഭീകരൻ ഉൽഫത്ത് ഹുസൈൻ എന്ന മുഹമ്മദ് സൈഫുൽ ഇസ്ലാമിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൊറാദാബാദ് പൊലീസുമായി സഹകരിച്ച് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് ഇയാളെ പിടികൂടിയത്.
പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു. പൂഞ്ച് സുരൻകോട്ടിലെ ഫസലാബാദിൽ താമസിക്കുന്ന ഹുസൈനെതിരെ മൊറാദാബാദിലെ കട്ഘർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് അടക്കമുള്ള വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കായി തിരച്ചിലിലായിരുന്നു പൊലീസ്.
ഹിസ്ബുൾ മുജാഹിദീന്റെ അംഗമായിരുന്ന ഉൽഫത്ത് ഹുസൈൻ 1999നും 2000നും ഇടയിലുള്ള കാലയളവിൽ പാക് അധിനിവേശ ജമ്മു കശ്മീരിൽ (പിഒകെ) തീവ്രവാദ പരിശീലനം നേടിയിട്ടുണ്ട്. മൊറാദാബാദിലേക്ക് മടങ്ങിയ ശേഷം, ഇയാൾ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തിരുന്നു. 2001 ജൂലൈ 9-നാണ് ഉൽഫത്ത് ഹുസൈനെ ആദ്യം പിടികൂടുന്നത്. എകെ-47, എകെ-56, രണ്ട് 30-ബോർ പിസ്റ്റളുകൾ, 12 ഹാൻഡ് ഗ്രനേഡുകൾ, 39 ടൈമറുകൾ, 50 ഡിറ്റണേറ്ററുകൾ, 37 ബാറ്ററികൾ, 29 കിലോ സ്ഫോടകവസ്തുക്കൾ, 560 ലൈവ് കാട്രിഡ്ജുകൾ, എട്ട് മാഗസിനുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും ഇയാളിൽ നിന്ന് അന്ന് കണ്ടെടുത്തിരുന്നു.















