തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺസുഹൃത്തായ ഫർസാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് വെളിപ്പെടുത്തി അഫാൻ. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫർസാനയോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി തെളിവെടുപ്പിനിടെ അഫാൻ പൊലീസിനോട് സമ്മതിച്ചു. പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യത്തിന് കാരണം. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ…
വീട്ടുകാർ അറിയാതെ ആയിരുന്നു അഫാന് ഫർസാന മാല നൽകിയത്. മാല അഫാന് നൽകിയ ശേഷം അവധി ദിവസങ്ങളിൽ പോലും ഫർസാനയ്‌ക്ക് ബസ്റ്റാൻഡിലും മറ്റിടങ്ങളിലും ചെന്നിരുന്ന് സമയം ചെലവഴിക്കേണ്ടി വന്നു. കഴുത്തിൽ ഇല്ലാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുമെന്നും ഇതുസംബന്ധിച്ച് വീട്ടുകാർ ചോദ്യം ചെയ്യുമെന്നും പേടിച്ചിട്ടായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എന്നാൽ മാല എടുത്തു നൽകാൻ കാലതാമസം നേരിട്ടതോടെ ഫർസാനയുടെ ഉമ്മ ഇക്കാര്യം ശ്രദ്ധിക്കുകയും മാല കഴുത്തിൽ കാണാത്തതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഒടുവിൽ ഫർസാന സത്യം വെളിപ്പെടുത്തി. ഉമ്മ വിവരം അറിഞ്ഞതോടെ മാല വേഗം എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് അഫാനുമേൽ ഫർസാന കൂടുതൽ സമ്മർദ്ദം ചെലുത്തി. ഇതോടെ ഫർസാനയോട് വൈരാഗ്യം കൂടിയെന്നാണ് അഫാന്റെ മൊഴി.
അതിനിടെ പിതാവ് റഹീമിന്റെ പേരിലുള്ള കാർ പണയപ്പെടുത്തി അഫാൻ മാല തിരിച്ചു നൽകി. കൊലപാതക ദിവസം അഫാന്റെ ഉമ്മ ഷെമിയ്‌ക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും പറഞ്ഞായിരുന്നു അഫാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലേക്ക് ഇരുവരും ബൈക്കിലാണെത്തിയത്. എന്നാൽ പൂട്ടിക്കിടക്കുന്ന ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് താക്കോൽ നഷ്ടപ്പെട്ട കാര്യം അഫാൻ തിരിച്ചറിഞ്ഞു. തുടർന്ന് മതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി ചാടി കടന്ന് ഇരുവരും വീട്ടിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് മുകളിലത്തെ നിലയിലെ മുറിയിൽ ഫർസാന ഇരുന്നു.
ഇതിനിടെയാണ് അഫാന്റെ ഇളയ സഹോദരൻ വീടിനു പുറകിലത്തെ വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ചത്. ഫർസാനയെ കൊലപ്പെടുത്താനുള്ള നീക്കത്തിന് ഇത് തടസമാകുമെന്ന് മനസിലാക്കിയ അഫാൻ, സഹോദരനെ കുഴിമന്തി വാങ്ങാൻ പറഞ്ഞുവിട്ടു. തുടർന്ന് മുറിയിലേക്ക് പോയി ഫർസാനയോട് സത്യം വെളിപ്പെടുത്തി. മൂന്ന് പേരെ കൊലപ്പെടുത്തിയ വിവരം അഫാൻ തുറന്നുപറഞ്ഞു. ഇതുകേട്ട് കസേരയിൽ ഇരുന്നു കരഞ്ഞ ഫർസാനയെ അഫാൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.
കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാൻ ഹാളിലേക്ക് കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങൾ ധരിപ്പിച്ച ശേഷം തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. അടികൊണ്ട് തറയിൽ വീണ സഹോദരൻ അഫാനെ നോക്കി പിടഞ്ഞുമരിക്കുന്നത് കണ്ട് പ്രതിയുടെ നിയന്ത്രണംവിട്ടു. ശരീരത്തിൽ പറ്റിപ്പിടിച്ച രക്തമെല്ലാം കഴുകിക്കളഞ്ഞ് വസ്ത്രം മാറി, കയ്യിൽ കരുതിയിരുന്ന മദ്യത്തിൽ എലിവിഷം ചേർത്ത് കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ കയറിയ അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മാതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കരുതിയ ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ടോയ്ലറ്റിലെ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ ഈ താക്കോൽ പൊലീസ് കണ്ടെടുത്തു. പിതൃസഹോദരനായ ലത്തീഫിനെ കൊല്ലാൻ പോകുമ്പോൾ നാഗരുകുഴിയിലുള്ള കടയിൽ നിന്നും സിഗരറ്റും മുളകുപൊടിയും അഫാൻ വാങ്ങിയിരുന്നു. കൊല നടത്തുമ്പോൾ ആരെങ്കിലും തടസം വന്നാൽ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ ബാഗിൽ നിന്ന് മുളകുപൊടി കണ്ടെടുത്തിരുന്നു. ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുന്നിരുന്ന് അഫാൻ മൂന്ന് സിഗററ്റ് വലിച്ചു തീർത്ത ശേഷമാണ് വീട് വിട്ടിറങ്ങിയതെന്നാണ് മൊഴി. ശേഷം വെഞ്ഞാറമുട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350ML മദ്യം കുപ്പിയിൽ വാങ്ങി. ഇതിന് ശേഷമാണ് ഫർസാനയെ കൂട്ടിക്കൊണ്ടുവരാൻ പോയത്.















