തിരുവനന്തപരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പെൺസുഹൃത്ത് ഫർസാനയെ കൊന്നത് മാല തിരികെ ചോദിച്ച് സമ്മർദ്ദം ചെലുത്തിയതിന്റെ വൈരാഗ്യം കാരണമാണെന്ന് അഫാൻ മൊഴി നൽകി. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
ഫർസാനയെ കൊല്ലാൻ വീട്ടിലെത്തിച്ച് മുറിയിലിരുത്തിയ ശേഷമാണ് ഇളയ സഹോദരൻ അഫ്സാൻ വീട്ടിലേക്ക് എത്തിയത്. ഗേറ്റ് പൂട്ടിക്കിടക്കുന്നതിനാൽ വീടിനു പുറകിലത്തെ വഴിയിലൂടെ അഫ്സാൻ അകത്തേക്ക് പ്രവേശിച്ചു. ഫർസാനയെ കൊലപ്പെടുത്താനുള്ള നീക്കത്തിന് ഇത് തടസമാകുമെന്ന് മനസിലാക്കിയ പ്രതിൻ, കുഞ്ഞനുജനോട് കുഴിമന്തി വാങ്ങാൻ പറഞ്ഞ് അവിടെനിന്നും അയച്ചു. തുടർന്ന് മുറിയിലേക്ക് പോയി ഫർസാനയോട് സത്യം വെളിപ്പെടുത്തി. മൂന്ന് പേരെ കൊലപ്പെടുത്തിയ വിവരം അഫാൻ തുറന്നുപറഞ്ഞു. ഇതുകേട്ട് കസേരയിൽ ഇരുന്നു പൊട്ടിക്കരഞ്ഞ ഫർസാനയെ അഫാൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.
കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാൻ ഹാളിലേക്ക് കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങൾ ധരിപ്പിച്ച ശേഷം തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. അടികൊണ്ട് തറയിൽ വീണ സഹോദരൻ അഫാനെ നോക്കി പിടഞ്ഞുമരിക്കുന്നത് കണ്ട് പ്രതിയുടെ നിയന്ത്രണംവിട്ടു. ശരീരത്തിൽ പറ്റിപ്പിടിച്ച രക്തമെല്ലാം കഴുകിക്കളഞ്ഞ് വസ്ത്രം മാറി, കയ്യിൽ കരുതിയിരുന്ന മദ്യത്തിൽ എലിവിഷം ചേർത്ത് കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ കയറിയ അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.















