നടി രശ്മിക മന്ദാനയ്‌ക്ക് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് കോഡവ സമുദായം. കോൺഗ്രസ് എംഎൽഎ രവി ഗാനിഗയുടെ ഭീഷണിക്ക് പിന്നാലെയാണ് താരത്തിന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഡവ സമുദായം രംഗത്തെത്തിയത്. കർണാടകയിലെ ആഭ്യന്തരമന്ത്രിക്കും കോഡവ നാഷണൽ കൗൺസിൽ (സിഎൻസി) കത്ത് അയച്ചു.
രാഷ്‌ട്രീയ ചർച്ചകളിലേക്ക് നടിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണെന്ന് സിഎൻസി പ്രസിഡന്റ് എൻയു നച്ചപ്പ ആരോപിച്ചു. കോഡവ സമുദായത്തിൽ നിന്നുള്ള നടിയാണ് രശ്മിക മന്ദാന. തന്റെ അർപ്പണബോധവും കഴിവും ഉപയോഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം നേടിയ നടിയാണ്. എന്നാൽ വിമർശനങ്ങൾക്ക് അപ്പുറം നടിയെ ഭീഷണപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ വിസമ്മതിച്ചെന്ന് ആരോപിച്ചാണ് രശ്മികയെ എംഎൽഎ രവി ഗാനിഗ വിമർശിച്ചത്. കന്നഡ സിനിമയിൽ നിന്ന് തുടക്കം കുറിച്ചിട്ടും കർണാടകയെയും കന്നഡ ഭാഷയെയും രശ്മിക അവഗണിച്ചെന്നും കന്നഡ സിനിമാ മേഖലയെ അവഗണിച്ച നടിയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേയെന്നുമാണ് രവി ഗാനിഗ പറഞ്ഞത്.
2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിരിക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കന്നഡ സിനിമാ മേഖലയോട് അവർ അനാദരവ് കാണിച്ചു. രശ്മിക മന്ദാനയെ പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കർണാടക സന്ദർശിക്കാൻ സമയമില്ലെന്ന് പറഞ്ഞ് അവർ നിരസിച്ചുവെന്ന് രവി ഗാനിഗ പറഞ്ഞിരുന്നു.















