കണ്ണൂർ : പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ മകന്‍ ജെയിന്‍ രാജിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയായി . ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ‘എന്നാണ് സ്റ്റാറ്റസ്. എം സ്വരാജ് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികളാണ് ജെയിന്‍രാജ് പ്രതിഷേധ സൂചകമായി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരിക്കുന്നത്.
പി ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.ഇത്തവണ ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമെന്നും ആ ഒഴിവിലേക്ക് പി ജയരാജന്‍ വരുമെന്നുമായിരുന്നു ജയരാജന്‍ പക്ഷക്കാര്‍ കണക്കുകൂട്ടിയിരുന്നത്.72 വയസായ ജയരാജന് അടുത്ത സമ്മേളന കാലാവധിയാകുമ്പോഴേക്കും 75 വയസാവും. ഇതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാകും.
പി ജയരാജനെ ഇക്കുറിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാത്തത് അദ്ദേഹത്തിന്റെ ആരാധകർക്കും അണികള്‍ക്കുമിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇതിനു മുൻപേയും ജയരാജന്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്ന സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായിരുന്നു. പ്രായം ഒരു ഘടകമായതിനാല്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പി ജയരാജന്‍ പരിഗണിക്കപ്പെടാനുള്ള സാധ്യതയുമില്ല.പി ജയരാജന്‍ അടുത്ത സമ്മേളന കാലയളവുവരെ സംസ്ഥാന കമ്മിറ്റിയംഗമായി തുടരും.















