പട്ടാമ്പി : ഓൺലൈൻ ട്രേഡിങ്ങിൻറ മറവിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. വൻ തുക ലാഭം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് ഒരുകോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശിയായ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ ഹക്കീം ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്
ഒരുകോടി 6 ലക്ഷം രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് തട്ടിയത്. സ്റ്റോക്ക് ട്രേഡിങ്ങിൽ വൻ തുക ലാഭം ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നിർധനരായ ആളുകളുടെ അക്കൗണ്ട് വഴി യാണ് പണം തട്ടിയത്.
ചികിത്സാസഹായം നൽകാമെന്ന് പറഞ്ഞ് വൻ തുക നിർധനരായ ആളുകളുടെ അക്കൗണ്ടിലേക്ക് കൈമാറിയശേഷം ഇതിൽ കുറച്ചു പണം ചികിത്സാസഹായത്തിന് നൽകി ബാക്കി തുക പിൻവലിക്കുകയാണ് പ്രതിയുടെ രീതി. സംഭവത്തിനു പിന്നിൽ റാക്കറ്റ് ഉണ്ടെന്നു പോലീസ് പറയുന്നു.
അദ്ധ്വാനമില്ലാതെ എളുപ്പവഴിയിൽ പണം സമ്പാദിക്കുന്നതിനായി തങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റുള്ളവരുടെ പണം പിൻവലിക്കുന്നതിനായി ഉപയോഗിക്കാൻ കൊടുത്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാകാതിരിക്കാൻ പൊതു ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പൊലീസ് പറയുന്നു.