തിരുവനന്തപുരം: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ചൂട് ഉയരുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സർക്കാർ ആശുപത്രികളിലും കൃത്യമായ വായുസഞ്ചാരമുള്ള സ്ഥലത്ത് കിടക്കകൾ ക്രമീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്ക് സജ്ജീകരിക്കുന്നതിന് സർക്കാർ ആശുപത്രികൾക്ക് പ്രത്യേകം തുക അനുവദിച്ചു. ഐസ് പാക്ക്‌സ്, എയർ കൂളർ, ഗാർഡൻ സ്‌പ്രെയർ, കോൾഡ് ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.
ഫയർ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിൾ ഉൾപ്പെടെ ഫയർ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉദ്യോഗസ്ഥർക്ക് ഓരോ വാർഡ് വീതം നൽകി ഫയർ മോണിറ്ററിംഗ് നടത്തുന്ന സേഫ്റ്റി ബീറ്റ് പ്രവർത്തനവും പൊതുസ്ഥലങ്ങളിൽ ബോധവത്ക്കരണവും നടത്തുന്നുണ്ട്.
പകൽ 11 മുതൽ 3വരെയുള്ള സമയം നേരിട്ട് ചൂടേൽക്കുന്നത് അപകടമായതിനാൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.