ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ, പ്രൊമോഷനുകൾ എന്നിവ നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. മാർച്ച് 22 ന് ആരംഭിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായാണ് നടപടി.
എല്ലാ അനുബന്ധ പരിപാടികളിലും കായിക സൗകര്യങ്ങളിലും പുകയില, മദ്യം ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ പിന്തുണയ്‌ക്കുന്ന കമന്റേറ്റർമാർക്കെതിരെയും കായികതാരങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
ഇന്ത്യ ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ കണക്കിൽ മുന്നിലാണ്. ഇത് പ്രതിവർഷം 70 ശതമാനത്തിലധികം മരണങ്ങൾക്കും കാരണമാകുന്നു. അതിനാൽ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ക്രിക്കറ്റ് കളിക്കാർ യുവാക്കൾക്ക് മാതൃകയാകണമെന്നും കത്തിൽ പറയുന്നു.















