കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയുടെ ചുവരുകളിൽ ആസാദ് കശ്മീർ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ. സംഭവത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകർക്കെതിരെ കൊൽക്കത്ത പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
യൂണിവേഴ്സിറ്റിയുടെ ഗേറ്റ് 3 ന് സമീപമുള്ള ചുമരിൽ വരച്ചിരിക്കുന്ന ഗ്രാഫിറ്റിയിൽ, മുള്ളുവേലി കൊണ്ട് കെട്ടിയ പൂക്കൾ പിടിച്ചിരിക്കുന്ന ഒരു കൈപ്പത്തിയും അതിനടുത്തായി എഴുതിയ മുദ്രാവാക്യങ്ങളുമാണ് കണ്ടെത്തിയത്. ചുവരെഴുത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണ്. ജാദവ്പൂർ സർവകലാശാലയിൽ ദീർഘകാലമായി മുടങ്ങിക്കിടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സംഭവം. മാർച്ച് 1 ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്യാമ്പസ് സന്ദർശിച്ചപ്പോഴാണ് ഇത് രൂക്ഷമായത്.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 61 (ii) (ക്രിമിനൽ ഗൂഢാലോചന), 152 (ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന കുറ്റകരമായ പ്രവർത്തികൾ) എന്നീ വകുപ്പുകൾ പ്രകാരം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ജാദവ്പൂർ സർവകലാശാല തൃണമൂൽ ഛത്ര പരിഷത്ത് (JUTMCP സംഭവത്തിൽ ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും കാമ്പസ് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അന്വേഷണത്തെ പിന്തുണയ്‌ക്കുകയും ചെയ്തു.















