കൊല്ലം: സംസ്ഥാനത്തെ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണികകളുണ്ടെന്ന് പഠന റിപ്പോർട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സര്‍ലീൻ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്റർനാഷണൽ സയൻസ് ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എണ്‍വയോണ്‍മെന്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെമ്മീൻ പാകം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. അന്നനാളം നീക്കം ചെയ്തിന് ശേഷം മാത്രമേ ചെമ്മീൻ പാകം ചെയ്യാവൂ എന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ചെമ്മീന്‍ നല്ലപോലെ വൃത്തിയാക്കി അതിന്റെ അന്നനാളം നീക്കി പാകം ചെയ്യുന്നതിലൂടെ പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തുന്നത് തടയാമെന്നും കണ്ടെത്തി.
സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന വിവിധ തരത്തിലുള്ള ചെമ്മീനുകളുടെ അന്നനാളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യത്തെപ്പറ്റിയാണ് പ്രധാനമായും പഠനം നടത്തിയത്. പോളി എത്ലീന്‍, പി.വി.സി., നൈലോണ്‍, അക്രിലോണിട്രൈല്‍ ബ്യൂട്ടാഡീന്‍ സ്‌റ്റൈറൈന്‍ പോളിസ്‌റ്റൈറൈന്‍ കണികകളുടെ സാന്നിധ്യം ചെമ്മീനിലുണ്ട്. കൂടാതെ കറുപ്പ്, നീല, ചുവപ്പ്, സുതാര്യമായത് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ശരാശരി മൂന്നുതരികള്‍ ഓരോ ഇനം ചെമ്മീനിലും കണ്ടെത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. ഉപയോഗത്തിന് ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലിലും മറ്റ് ജലാശയങ്ങളിലും എത്തുന്നു.
കൂടാതെ മത്സ്യബന്ധന ഉപകരണങ്ങളും സമാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് സൂക്ഷ്മജീവികള്‍ ഭക്ഷണമാക്കുന്നു. ഈ ജീവികളെ ഭക്ഷിക്കുന്നതിലൂടെ പ്ലാസ്റ്റിക് ചെമ്മീന്റെ ശരീരത്തിൽ എത്തുന്നു. ഈ ചെമ്മീൻ കഴിക്കുന്നതോടെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലും എത്തുന്നു.















