തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യലഹരിയിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട ലഹരി കേസുകൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
വളരെ ശാന്തമായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിക്കാനും തെറ്റായ പ്രവണതകൾ ഇല്ലാത്തതുമായി സംസ്ഥാനമുണ്ട്, അതിന്റെ പേരാണ് കേരളം. കേരളം ലഹരിയുടെ പിടിയിലാണെന്ന് പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളാണ്. ഇത്തരം പ്രചരണം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ മന്ത്രി നടത്തിയ പ്രസ്താവന പൊതുജനങ്ങളെ പരിഹാസ്യരാക്കുന്നതിന് തുല്യമായി. സംസ്ഥാനത്ത് ലഹരി ഉപയോഗം ആശങ്കാജനകമായി വർദ്ധിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ നിന്നും തന്നെ വ്യക്തമാണ്. ഈ വർഷം ജനുവരിയിൽ മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1,999 കേസുകളാണ്. മന്ത്രിയുടെ സ്വന്തം ജില്ലയായ കോഴിക്കോട് ഈ വർഷം ഇതുവരെ 716 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 819 പേരാണ് അറസ്റ്റിലായത്.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ലഹരിക്കേസുകൾ
- 2016- 5,924
- 2017- 9,222
- 2018- 8,724
- 2029- 9,245
- 2020- 4,968
- 2021- 5,695
- 2022- 26,619
- 2023- 30,697
- 2024- 27,530
കർശന പരിശോധന കൊണ്ടാണ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് സർക്കാരിന് വേണമെങ്കിൽ വാദിക്കാം. എന്നാൽ ലഹരിയുടെ പിൻബലത്തിൽ നടക്കുന്ന അതിക്രൂരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന എന്ത് പറഞ്ഞ് പിണറായി സർക്കാർ ന്യായീകരിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം തകൃതിയായി നടക്കുകയാണ്. സംസ്ഥാനത്തെ ഡി-അഡിക്ഷൻ സെന്ററുകളും യുവാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോന്നും മന്ത്രിക്ക് അറിയാത്ത കാര്യമല്ല. മന്ത്രി യാഥാർത്ഥ്യത്തിൽ നിന്നും മുഖം തിരിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് വ്യക്തം.