ജീവിതത്തെ കുറിച്ച് വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. 40-ാം വയസിലേക്ക് കടക്കുന്നതിന്റെ സന്തോഷമാണ് താരം കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തെയും ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ലക്ഷ്മി പ്രിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പോസ്റ്റുമായി എത്തി 40-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം.
“എന്തിരുപത്, മുറിവ് മുപ്പത്, അറിവ് നാൽപ്പത്, മുറു മുറുപ്പ് അറുപത്. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാല്പതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം, എന്റെ ഇന്നലകളിലെ വേദനിക്കലുകളെ, പരാജയങ്ങളെ, അതിജീവിക്കലുകളെ, ചില മനുഷ്യരെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാൻ കഴിയുന്നത്”.
“മുമ്പൊരിക്കൽ പറഞ്ഞത് പോലെ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരിക്കുന്നിടത്ത് നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം. സന്തോഷങ്ങൾക്കും നൈരാശ്യങ്ങൾക്കും ഒരേ നിറം, ഒരേ ഭാവം. മനസ് നിറയെ കൃതാർത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും”- ലക്ഷ്മി പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു.
സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു താരത്തിന്റെ ആദ്യപേര്. വിവാഹശേഷമാണ് ലക്ഷ്മി പ്രിയ എന്ന പേരിലേക്ക് മാറിയത്.















