ന്യൂഡൽഹി: ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും, ഏഷ്യയിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. ശക്തമായ സേവന കയറ്റുമതി, ചരക്ക് കയറ്റുമതിയിലുള്ള കുറഞ്ഞ ആശ്രയത്വം, സർക്കാർ നയങ്ങൾ എന്നിവയാണ് മേഖലയിലെ മറ്റ് സമ്പദ്‌വ്യവസ്ഥകളെ മറികടക്കാൻ ഇന്ത്യയെ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സേവന കയറ്റുമതി കൂടുതൽ സ്ഥിരതയുള്ള വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ യുഎസ്, യൂറോപ്പ്, ചൈന എന്നിവയേക്കാൾ ശക്തമാണ്. വരും ദശകങ്ങളിൽ ആഗോള ഉൽപ്പാദനത്തിൽ ഇന്ത്യ വലിയൊരു പങ്ക് നേടുമെന്നും മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു.
സ്ഥിരതയുള്ള ജനാധിപത്യം, സാമ്പത്തിക സ്ഥിരത, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വളർന്നുവരുന്ന സംരംഭകത്വം എന്നിവ ഇന്ത്യൻ വിപണിക്ക് ശക്തിയേകുന്നു. ഇതിന്റെ ഫലമായി ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ഉപഭോക്തൃ വിപണികളിൽ ഒന്നായി ഇന്ത്യയ്‌ക്ക് മാറാൻ കഴിയും.
2025 ന്റെ തുടക്കത്തിൽ ജിഎസ്ടി വരുമാന വളർച്ച 10.7 ശതമാനമായി ഉയരുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. 2024 ലെ മൂന്നാം പാദത്തിലെ 8.9 ശതമാനത്തിൽ നിന്നും 2024 ലെ നാലാം പാദത്തിലെ 8.3 ശതമാനത്തിൽ നിന്നും ഇത് വർദ്ധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.















