റംസാൻ മാസം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ ‘ജെൻ്റസ് ഓൺലി’ യാത്ര. കെ.എസ്.ആർ.ടി.സി തിരൂരിന്റെ വകയാണ് മാർച്ച് 20 ന് ‘സിയാറത്ത് യാത്ര’ നടത്തുന്നത്. പുരുഷൻമാർക്ക് മാത്രമാണ് ബസിൽ കേറി യാത്ര ചെയ്യാൻ സാധിക്കുക. രാവിലെ 7 മണിക്ക് പുറപ്പെടുമെന്നും 600 രൂപയാണ് ചെലവെന്നും കെ.എസ്.ആർ.ടി.സി തിരൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പറയുന്നു.
സിയാറത്ത് യാത്രയുടെ ഭാഗമായി ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി സി.എം മഖാം, ഒടുങ്ങാക്കാട് മഖാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും പോസ്റ്ററിൽ പറയുന്നു. ‘ജെന്റസ് ഓൺലി’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് കെഎസ്ആർടിസി കാർഡ് ഇറക്കിയിരിക്കുന്നത്. നോമ്പ് തുറയും തറാവീഹും നോളേജ് സിറ്റിയിലാണെന്നും ഇതിൽ പറയുന്നുണ്ട്.
ജെന്റസ് ഓൺലി ബസ് ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സിയുടെ ‘വിശാലത’യെ’ പാടി പുകഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ. അതെന്താ ഭായ് , സ്ത്രീകൾ ഒപ്പം കയറിയാൽ ?? ടയർ പഞ്ചർ ആവുമോ എന്ന ചോദ്യമാണ് സൈബർ ഇടത്ത് നിന്നും ഉയരുന്നത്. ‘ മതേതര കേരളം ഹലാൽ ബസ്’, ‘ലിംഗ സമത്വം KSRTC യിൽ’, ‘ശബരിമലക്ക് ഇരുമുടികെട്ടും ഏന്തി പോകുന്ന അയ്യപ്പ ഭക്തർക്ക് ഏർപെടുത്തുന്ന ksrtc സ്പെഷ്യൽ ബസിൽ യുവതികളെയും കയറ്റാൻ നിർദേശം കൊടുത്ത പിണറായി വിജയന് ഇപ്പോൾ നവോത്ഥാനം ഒന്നും വേണ്ടേ’ തുടങ്ങി നിരവധി കമന്റുകളാണ് കെ.എസ്.ആർ.ടി.സി തിരൂരിന്റെ സിയാറത്ത് യാത്രയ്‌ക്ക് താഴെ നിറയുന്നത്.















