ന്യൂഡൽഹി: തായ്ലൻഡിലും മ്യാൻമറിലും തൊഴിൽ തട്ടിപ്പിന് ഇരയായി തടങ്കലിലായ ഇന്ത്യക്കാരുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം ഡൽഹിയിൽ എത്തി. ഇന്ന് തിരികെ എത്തിയ 266 പേരിൽ 3 മലയാളികളുമുണ്ട്. ഇവരിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം 8 മലയാളികൾ ഉൾപ്പെടെ 283 പേരെയാണ് വ്യോമസേനാ വിമാനത്തിൽ കേന്ദ്രസർക്കാർ സുരക്ഷിതമായി തിരികെ എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കായാണ് ഇവർ നിയോഗിക്കപ്പെട്ടത്.
തൊഴിൽ തട്ടിപ്പിന് ഇരയായ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ എംബസികൾ മ്യാൻമർ, തായ്‌ലൻഡ് സർക്കാരുകളുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ വ്യക്തമാക്കി.
ഇത്തരം റാക്കറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കാനും ജോലി വാഗ്ദാനം സ്വീകരിക്കുന്നതിന് മുമ്പ് റിക്രൂട്ടിംഗ് ഏജന്റുമാരുടെയും കമ്പനികളുടെയും ചരിത്രം പരിശോധിക്കാനും വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചു.