ഒരുകാലത്ത് കീറിയ വസ്ത്രം ധരിക്കുന്നത് ദാരിദ്ര്യത്തിന്റെ സൂചനയായിരുന്നുവെങ്കിൽ ഇന്ന് കീറിപ്പറിഞ്ഞ ഉടുപ്പുകൾ ഫാഷൻ ലോകത്ത് ട്രെൻഡിംഗാണ്. സ്ക്രാച്ച് ജീൻസ്, ടോൺ ജീൻസ്, റിപ്പ്ഡ് ജീൻസ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ അബദ്ധവശാൽ കീറിപ്പോയ ജീൻസ് ആണെങ്കിലോ… പണം നൽകി വാങ്ങിയ ജീൻസ് കീറിപ്പറഞ്ഞതാണെങ്കിൽ അതിനെതിരെ പരാതിപ്പെടാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതുപോലെ തന്നെ വസ്ത്രത്തിന് മറ്റെന്തെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ ശബ്ദമുയർത്താൻ ഉപഭോക്താവിന് സാധിക്കും. അത്തരമൊരു സംഭവമാണ് ഡെറാഡൂണിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജീൻസ് ബ്രാൻഡായ ലെവീസിന് (Levi’s) സംഭവിച്ച പിഴവ് വാർത്തകളിൽ ഇടംപിടിക്കുകയാണ്.
ഉപഭോക്താവിന് തകരാറുള്ള ജീൻസ് നൽകിയതിനാൽ 32,799 രൂപ ലെവീസ് (Levi Strauss & Co) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. 2,299 രൂപയ്‌ക്ക് വാങ്ങിയ ജീൻസിന് കേടുപാടുകൾ സംഭവിച്ചതിനുള്ള നഷ്ടപരിഹാരമാണിത്. നൈനിറ്റാളിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്. നൈനിറ്റാൾ സ്വദേശിയായ സൃഷ്ടി യാദവാണ് പരാതിക്കാരൻ. ജീൻസ് വാങ്ങി ധരിച്ചപ്പോൾ അതിന്റെ കളർ ഇളകി ചർമ്മത്തിലും ബാഗിലുമൊക്കെ പടരുകയും ഇതുമൂലം ചർമ്മത്തിന് ചൊറിച്ചിൽ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തുവെന്ന് സൃഷ്ടി യാദവ് പറയുന്നു.
2022 ജൂലൈ മാസത്തിൽ ഹൽദ്വാനിയിലുള്ള ലെവീസ് ഷോപ്പിൽ നിന്നാണ് യുവാവ് ജീൻസ് വാങ്ങിയത്. ഉയർന്ന ഗുണനിലവാരമുള്ള ജീൻസാണെന്ന് അവകാശപ്പെടുന്നതിനാൽ വൻ തുക നൽകി ജീൻസ് വാങ്ങി. എന്നാൽ ആദ്യമായി ഉപയോഗിച്ച ദിവസം തന്നെ ഗുണനിലവാരത്തിൽ ജീൻസ് പരാജയപ്പെട്ടു. പാന്റിന്റെ നിറം ശരീരത്തിലാകെ പടർന്നു. അന്നേദിവസം ജീൻസിനൊപ്പം സ്റ്റൈൽ ചെയ്ത ബ്രാൻഡഡ് ബാഗിലേക്കും നിറം കലർന്നു. ഉടൻ തന്നെ സൃഷ്ടി യാദവ് ലെവീസിനെ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ ഇയാൾ സമീപിച്ചത്.
നിറം പടരാൻ സാധ്യതയുണ്ടെന്ന കാര്യം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതിരുന്നത് ലെവീസിന്റെ പിഴവാണെന്ന് കോടതി നിരീക്ഷിച്ചു. ജീൻസിന് ചിലവായ 2,299 രൂപ കമ്പനി തിരിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ പരാതിക്കാരന്റെ ബ്രാൻഡഡ് ബാഗായ Michael Kors ജീൻസിന്റെ നിറം കലർന്ന് വൃത്തികേടായതിനാൽ 15,500 രൂപ കൂടി നഷ്ടപരിഹാരം നൽകണം. ഒപ്പം ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനുണ്ടാക്കിയ മാനസിക പ്രയാസത്തിന് 10,000 രൂപയും കോടതി ചെലവുകൾക്ക് 5,000 രൂപയും കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
ലെവീസ് പോലുള്ള അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉപഭോക്തൃ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ഉത്പന്നത്തിന് കേടുപാടുകൾ സംഭവിച്ചാൽ അത് ഉത്തരവാദിത്തത്തോടെ പരിഹരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.