തിരുവനന്തപുരം: പുരാണ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്.ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്ത ജനങ്ങൾ. അനന്തപുരിയിലെങ്ങും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി ആറ്റുകാൽ ക്ഷേത്രത്തിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു.
രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും.കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെമ്പാടും അടുപ്പുകൾ നിരന്നിട്ടുണ്ട്.
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാർക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നിർദേശിച്ചു.















