അഗ്നിവീർ പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതായി അംബാലയിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്‌ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ച. 2025 ഏപ്രിൽ 10 വരെയാണ് രജിസ്ട്രേഷൻ കാലാവധി.
ഹരിയാനയിലെ അംബാല, കൈതാൽ, കുരുക്ഷേത്ര, കർണാൽ, യമുനാനഗർ, പഞ്ച്കുല എന്നീ ആറ് ജില്ലകളിൽ നിന്നും, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ നിന്നുമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കും ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പുരുഷ ഉദ്യോഗാർത്ഥികൾക്ക് അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കൽ), അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ), അഗ്നിവീർ (ട്രേഡ്സ്മാൻ) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമന പ്രക്രിയ നടത്തുന്നത്. വനിതാ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഓൺലൈൻ പ്രവേശന പരീക്ഷയും തുടർന്ന് മെറിറ്റ് ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയും നടത്തും. ഓൺലൈൻ പരീക്ഷയുടെ തീയതി ഔദ്യോഗിക വെബ്സൈറ്റ് വഴി പിന്നീട് അറിയിക്കും.