ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രണ്യ റാവുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും മുമ്പൊരിക്കലും സ്വർണം കടത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്യ റാവും അന്വേഷണ സംഘത്തോട് പറഞ്ഞു. റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.
“യൂട്യൂബിൽ നോക്കിയാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചത്. ദുബായിൽ നിന്ന് സ്വർണം കൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശ നമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നു. മാർച്ച് ഒന്നിന് വിദേശത്ത് നിന്ന് എനിക്കൊരു കോൾ വന്നു. ദുബായ് വിമാനത്താവളത്തിൽ നിന്ന് സ്വർണം കളക്ട് ചെയ്ത് ബെംഗളൂരുവിലേക്ക് എത്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. വിളിച്ച ആളെ കുറിച്ച് എനിക്ക് അറിയില്ല. ആഫ്രിക്കൻ, അമേരിക്കൻ ഭാഷാശൈലിയിലാണ് സംസാരിച്ചത്”.
“വിമാനത്താവളത്തിൽ നിന്ന് ബാൻഡേജുകളും കത്രികകളും വാങ്ങി. വാഷ്റൂമിൽ പോയി സ്വർണക്കട്ടികൾ ശരീരത്തിൽ ഒട്ടിച്ചു. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായിരുന്നു സ്വർണം. ഷൂസിലും ജീൻസിലുമായി സ്വർണം ഒളിപ്പിച്ചു. യൂട്യൂബ് വീഡിയോകളിൽ നിന്നാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചത്. സ്വർണം നൽകിയയാളെ കുറിച്ചും തനിക്ക് അറിയില്ലെന്നും” രണ്യ റാവു പറഞ്ഞു.