ചാമ്പ്യൻസ് ട്രോഫി വിജയത്തിനുപിന്നാലെ അടുത്ത മാസം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി ആതിയ ഷെട്ടിയും. കഴിഞ്ഞ ദിവസം ഇരുവരും ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ഗർഭകാല ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടു. “ഓ ബേബി!” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചില ചിത്രങ്ങളിൽ ഇരുവരും ആലിംഗനം ചെയ്തിരിക്കുന്നതിന്റെയും ആദിയയുടെ നിറവയറിൽ തലോടുന്ന രാഹുലിനെയും കാണാം.
സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചുനിൽക്കുന്ന ആതിയയുടെ ഒറ്റയ്‌ക്കുള്ള ചിത്രങ്ങളുമുണ്ട്. നടിയുടെ സിംപിൾ, എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മെറ്റേണിറ്റി ഷൂട്ടിലെ രണ്ട് ഫോട്ടോകളിൽ ബീജ് നിറത്തിലുള്ള റിബൺഡ് വസ്ത്രമാണ് ധരിച്ചിരുന്നത്. രണ്ടാമത്തെ ലുക്കിൽ വൈറ്റ് ലോങ്ങ് ഷർട്ടും ഡെനിം ലൈറ്റ് ബ്ലൂ ബാഗി ജീൻസും. ഡെമിന്റെ കറുത്ത ഓഫ്-ദി-ഷോൾഡർ ഗൗണാണ് അവസാന ലുക്കിനായി തെരഞ്ഞെടുത്തത്.
View this post on Instagram
ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനുപിന്നാലെ ദമ്പതികൾക്ക് ആശംസകളും സ്നേഹവും പങ്കുവച്ച് നിരവധി താരങ്ങളെത്തി. അനുഷ്ക ശർമ്മ, കിയാര അദ്വാനി, കരൺ ജോഹർ, അർജുൻ കപൂർ, രൺവീർ സിംഗ്,സോനാക്ഷി സിൻഹ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ കമന്റ് സെക്ഷനിൽ ഇരുവർക്കും ആശംസകൾ നേർന്നു. 2023 ജനുവരി 23 ന് ഖണ്ടാലയിലെ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് മകൾ ആതിയ ഷെട്ടിയും കെ എൽ രാഹുലും വിവാഹിതരായത്. കഴിഞ്ഞ വർഷം നവംബർ എട്ടിന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആതിയ അമ്മയാകാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചത്.