കൊല്ലം: കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ ശക്തമായ പ്രതിഷേധം. ക്ഷേത്ര ഭരണസമിതികളിലും ഉത്സവ കമ്മിറ്റികളിലും കടന്നുകൂടണമെന്ന് അംഗങ്ങൾക്ക് സിപിഎം നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ക്ഷേത്ര ഉത്സവങ്ങൾ പാർട്ടി പരിപാടിയാകുന്നത് നിത്യസംഭവമായി മാറി. തനത് ആചാരങ്ങളെ വികലമാക്കി പരസ്യമാക്കുന്നതും പതിവായി. ഇത് തന്നെയാണ് കടയ്‌ക്കൽ ദേവിക്ഷേത്രത്തിലും അരങ്ങേറിയത്.
ക്ഷേത്രങ്ങളെ രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. കടയ്‌ക്കൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയെ ചൊല്ലിയും വിവാദം ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
” കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടി. പുഷ്പനെ അറിയാമോ, ലാൽസലാം എന്നീ പാട്ടുകളാണ് പാടുന്നത്. സ്ക്രീനിൽ ഡിവൈഎഫ്ഐ പതാകകൾ, സിപിഎമ്മിന്റെ അരിവാൾ ചുറ്റിക എന്നിവയൊക്കെ തുള്ളിക്കളിക്കുന്നു. രാഷ്‌ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി വിധിപ്രകാരം ഇതേ ക്ഷേത്രത്തിൽ നിന്നാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് മാറ്റേണ്ടിവന്നത്. അന്നാട്ടിലൊന്നും ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ ആവോ?!, ശ്രീജിത്ത് പണിക്കർ ചോദിച്ചു