ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഡി ഗുകേഷ്. ദർശനത്തിന് ശേഷം വഴിപാടായി തല മുണ്ഡനം ചെയ്തു. കുടുംബത്തോടൊപ്പമാണ് തരാം ക്ഷേത്രത്തിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാണ് 18 കാരനായ ഡി ഗുകേഷ്. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലാണ് ഗുകേഷ് ഡിംഗ് ലിറനെ പരാജയപ്പെടുത്തി ലോക ചാമ്പ്യനായത്.
നിലവിൽ FIDE സ്റ്റാൻഡിംഗിൽ മൂന്നാം റാങ്കിലും ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്. ദർശന ശേഷം മാധ്യമ പ്രവർത്തകരെ കണ്ട തരാം തൻ കഴിഞ്ഞ വർഷം ഡിസംബറിൽ വിജയിച്ചതിന് ശേഷം ക്ഷേത്രത്തിൽ വരാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി. “ലോക ചാമ്പ്യൻഷിപ്പിന് ശേഷം ഞാൻ എപ്പോഴും ഇവിടെ വരാൻ ആഗ്രഹിച്ചിരുന്നു, അതിനാൽ ഞാൻ വളരെ സന്തോഷവാനാണ്, എനിക്ക് വളരെ നല്ല ദർശനം ലഭിച്ചു,” ഗുകേഷ് പറഞ്ഞു.
“എനിക്ക് കഠിനാധ്വാനം ചെയ്യണം. 2025 ൽ, നിരവധി പ്രധാനപ്പെട്ട ടൂർണമെന്റുകൾ ഉണ്ട്, അതിനാൽ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ ഫോർമാറ്റുകളിലും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, ദൈവകൃപയാൽ എപ്പോഴും നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഗുകേഷ് കൂട്ടിച്ചേർത്തു.
ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം തുടർച്ചയായ രണ്ടാം വർഷവും നെതർലൻഡ്‌സിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ഗുകേഷ് റണ്ണർഅപ്പായി ഫിനിഷ് ചെയ്തു, ടൈ-ബ്രേക്കറിൽ സ്വന്തം നാട്ടുകാരനായ ആർ പ്രഗ്നാനന്ദയോട് പരാജയപ്പെട്ടു. ഏപ്രിലിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ടൂറിന്റെ പാരീസ് ലെഗിലാണ് അദ്ദേഹത്തിന്റെ അടുത്ത പ്രകടനം, അവിടെ പ്രഗ്നാനന്ദയും അർജുൻ എറിഗൈസിയും ഗുകേഷിനൊപ്പം പങ്കെടുക്കും.