സുൽത്താൻ ബത്തേരി: വയനാട്ടിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. മൂന്ന് മാസമായി വിൽപ്പന നടത്തുന്നുണ്ടെന്നും ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴിയാണ് വാങ്ങിയതെന്നുമാണ് വിദ്യാർത്ഥി പൊലീസിന് നൽകിയ മൊഴി. 30 രൂപയ്‌ക്കാണ് ഒരു കഞ്ചാവ് മിഠായി വിറ്റിരുന്നത്.
രണ്ട് ദിവസം മുൻപാണ് വിദ്യാർത്ഥികളിൽ നിന്നും കഞ്ചാവ് മിഠായി പൊലീസ് കണ്ടെടുത്തത്. സംശയാസ്പദമായി കൂട്ടംകൂടി നിൽക്കുന്നത് കണ്ട് പൊലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് മിഠായിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൂട്ടത്തിൽ തന്നെയുള്ള വിദ്യാർത്ഥിയാണ് കഞ്ചാവ് മിഠായി എത്തിച്ച് നൽകിയതെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് വിൽപ്പനക്കാരനായ വിദ്യാർത്ഥിയിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ഈ മിഠായി വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി എങ്ങനെയാണ് സാധനം എത്തുന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.