ചെന്നൈ: ഉത്തരേന്ത്യക്കാരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ദുരൈ മുരുകന്‍. ഉത്തരേന്ത്യയിലെ സംസ്കാരം ഒന്നിലധികം ഇണകളെ ഉൾക്കൊള്ളുന്നതാണെന്നാണ് മുതിർന്ന തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ വ്യാഴാഴ്ച ആരോപിച്ചത്. തമിഴരെ അധിക്ഷേപിക്കുന്നവന്റെ നാവരിയുമെന്നും മുതിര്‍ന്ന ഡിഎംകെ നേതാവും മന്ത്രിയുമായ ദുരൈ മുരുകന്‍ പറഞ്ഞു. ജനസംഖ്യ അടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം, ത്രിഭാഷാ വിവാദം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഡി എം കെ നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
‘നമ്മുടെ സംസ്‌കാരത്തില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്മാരെ വിവാഹം കഴിക്കാം. കൂടാതെ, അഞ്ച് പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. ഇതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും,’ മുരുകന്‍ പറഞ്ഞു.
‘കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്നവരും ഞങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അത് നടപ്പിലാക്കി. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ജനസംഖ്യ കുറഞ്ഞില്ല. അവര്‍ 17, 18 കുട്ടികള്‍ക്ക് ജന്മം നല്‍കി, അവർക്ക് മറ്റ് ജോലികളൊന്നുമില്ലയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തിൽ എം.കെ. സ്റ്റാലിൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി, ഡി.എം.കെ.യുടെ ഉത്തരേന്ത്യയോടുള്ള ആഴത്തിലുള്ള വിദ്വേഷമാണ് ഇത് തുറന്നുകാട്ടുന്നതെന്ന് പറഞ്ഞു.
“നമ്മുടെ ഉത്തരേന്ത്യൻ സഹോദരീസഹോദരന്മാരോട് സ്റ്റാലിൻ മാപ്പ് പറയണം! ഇത്തരത്തിലുള്ള അവഹേളനപരമായ പരാമർശം അസ്വീകാര്യമാണ്,ഇത് ഡിഎംകെയുടെ ആഴത്തിലുള്ള വിദ്വേഷം തുറന്നുകാട്ടുന്നു. സ്റ്റാലിന്റെ മൗനം അദ്ദേഹത്തിന്റെ പാർട്ടിയുടെ ഉത്തരേന്ത്യൻ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്,” റെഡ്ഡി ട്വീറ്റ് ചെയ്തു.















