ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ലിറ്റിൽ ഗ്രേസി വിപണിയിലേക്ക്. ഹരിയാന ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റിയാണ് സ്കൂട്ടർ പുറത്തിറക്കിയത്. 49,500 രൂപയാണ് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില.
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല…
10 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഓടിക്കാൻ കഴിയുന്ന ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണിത്. മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി വേഗത. അതിനാൽ വാഹന നിയമം അനുസരിച്ച് ലിറ്റിൽ ഗ്രേസി ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്.
വളരെ വ്യത്യസ്തമായ ഡിസൈനിൽ നാല് നിറങ്ങളിലാണ് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്. പിങ്ക്, ബ്രൗൺ/ക്രീം, വെള്ള/നീല, മഞ്ഞ/പച്ച നിറങ്ങളിലും സ്കൂട്ടർ ലഭ്യമാണ്.

ശക്തിയും പ്രകടനവും…
1.5kW ഇലക്ട്രിക് മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്. 150 കിലോഗ്രാം ഭാരം വരെ വഹിക്കും. അതായത് അധികം ഭാരമില്ലാത്ത രണ്ട് കൗമാരക്കാർക്ക് സ്കൂട്ടറിൽ എളുപ്പത്തിൽ യാത്ര ചെയ്യാം.
60V/30AH ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്‌ക്കാണ് ഇതിനുള്ളത്. ഒറ്റ ചാർജിൽ 60 മുതൽ 90 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ ഈ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
15 രൂപയ്‌ക്ക് 60 കിലോമീറ്റർ…
ബാറ്ററി ഫുൾ ചാർജാകാൻ 1.5 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ പ്രവർത്തന ചെലവ് കിലോമീറ്ററിന് 25 പൈസയെന്നാണ് ജെലിയോ മൊബിലിറ്റി അവകാശപ്പെടുന്നത്. അതായത് വെറും 15 രൂപ ചെലവിൽ സ്കൂട്ടർ 60 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും കമ്പനി പറയുന്നു.
സവിശേഷതകൾ
സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഷോക്ക് അബ്സോർബർ സജ്ജീകരണവുമുണ്ട്. സ്കൂട്ടറിന് ഇരുവശത്തും 10 ഇഞ്ച് വീലുകൾ ലഭിക്കുന്നു, സിയറ്റ് ടയറുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇരുവശത്തുമുള്ള ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗ് നടത്തുന്നത്. സ്കൂട്ടറിന്റെ ശക്തിയും വലുപ്പവും അനുസരിച്ച് ബ്രേക്കുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, റിവേഴ്സ് മോഡ്, പാർക്കിംഗ് സ്വിച്ച് എന്നിവ സ്കൂട്ടിറിന്റെ സവിശേഷതകളാണ്.















