കൊച്ചി: കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രധാന കണ്ണിയായ ആഷിഖ് പിടിയിൽ. കോളേജിലെ പൂർവ വിദ്യാർത്ഥിയായ ആഷിഖാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കളമശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
കസ്റ്റഡിയിലായ ആഷിഖ് എന്നയാൾക്കൊപ്പം ഷാരിൽ എന്ന പൂർവ വിദ്യാർത്ഥി കൂടി പിടിയിലായെന്നാണ് വിവരം. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. സെം ഔട്ട് ആയ വിദ്യാർത്ഥിയാണ് ആഷിഖ്. കഞ്ചാവ് വേട്ടയിൽ ഷാരിലിനുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
500 രൂപ മുതൽ 2,000 രൂപ വരെ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. 500 രൂപയുടെ കഞ്ചാവിന് 300 രൂപ മുൻകൂറായി നൽകണമായിരുന്നു. ആഷിഖിന്റെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
നേരത്തെ അറസ്റ്റിലായ ആകാശ് എന്ന വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിച്ചത്. ആഷിഖാണ് 2 കിലോ കഞ്ചാവ് നൽകിയതെന്ന് ആകാശ് മൊഴി നൽകിയിരുന്നു. ആകാശ് നിലവിൽ റിമാൻഡിലാണ്. ഈ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് 1.900 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. റിമാൻഡിൽ കഴിയുന്ന ആകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആകാശിനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും.
ആകാശിനൊപ്പം മുറിയിൽ താമസിച്ച KSU പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് മൊഴി.