കണ്ണൂർ : ക്ഷേത്ര ഉത്സവങ്ങളിൽ വീണ്ടും രാഷ്‌ട്രീയം കലർത്തി സിപിഎം. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും ഉൾപ്പെടുത്തി.പുല്യോട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം വരവിലാണ് ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും ഉൾപ്പെടുത്തിയത്.
കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിലെ കലശം വരവിൽ കാലങ്ങളായി സിപിഎം അവരുടെ രാഷ്‌ട്രീയം കലർത്തി വരികയാണ്. ഇതിനു മുൻപ് ഇവിടെക്കുള്ള കലശം വരവിൽ പി.ജയരാജന്റെ ചിത്രം പ്രദർശിച്ചത് വിവാദമായിരുന്നു. അന്ന് കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുന്ന സംഭവമുണ്ടായത്. തെയ്യത്തിന്റെ ചിത്രത്തിനൊപ്പം ചെഗുവരയെയും പി.ജയരാജന്റെയും ചിത്രങ്ങൾ കൂടി പ്രദർശിപ്പിച്ചത് വിവാദമായപ്പോൾ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.
ഇപ്പോഴത്തെ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹിന്ദു ആചാരങ്ങളെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകാൻ ഒരുങ്ങുന്നു.
കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനു തൊട്ടു പിന്നാലെയാണ് ക്ഷേത്രങ്ങളെ മലീമസമാക്കാനുളള സിപിഎമ്മിന്റെ പുതിയ നീക്കം. ക്ഷേത്ര ഭരണസമിതികളിലും ഉത്സവ കമ്മിറ്റികളിലും കടന്നുകൂടണമെന്ന് അംഗങ്ങൾക്ക് സിപിഎം നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ക്ഷേത്ര ഉത്സവങ്ങൾ പാർട്ടി പരിപാടിയാകുന്നത് നിത്യസംഭവമായി മാറി. തനത് ആചാരങ്ങളെ വികലമാക്കി പരസ്യമാക്കുന്നതും പതിവായി. ഇത് തന്നെയാണ് കടയ്‌ക്കൽ ദേവിക്ഷേത്രത്തിലും കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിലും ഇപ്പോൾ അരങ്ങേറിയത്.
ക്ഷേത്രങ്ങളെ രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു.















