കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പൂർവ വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. പൂർവ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിക് എന്നിവരാണ് അറസ്റ്റിലായത്. കോളേജിൽ കഞ്ചാവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹോസ്റ്റലിൽ ആകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് അവിടെയെത്തിച്ചത് ആഷിഖ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസിൽ ലഹരിയെത്തിച്ചതെന്ന് ഇരുവരും മൊഴി നൽകി. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഇരുവരെയും പൊലീസ് പിടികൂടിയത്. രണ്ടുപേരും സെം ഔട്ട് ആയി കോളേജിൽ നിന്ന് പുറത്തായ വിദ്യാർത്ഥികളാണ്.
ക്യാമ്പസിൽ ഹോളി ആഘോഷത്തിന്റെ മറവിൽ വലിയ അളവിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. തുടർന്ന് ഹോസ്റ്റലിൽ നിന്ന് മൂന്ന് പേരെ പിടികൂടുകയും കേസെടുക്കുകയും ചെയ്തു. ഇതിൽ എസ്എഫ്ഐ നേതാവുൾപ്പടെ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആകാശ് എന്ന വിദ്യാർത്ഥിയാണ് റിമാൻഡിലായത്. ആകാശിന്റെ മുറിയിലേക്ക് കഞ്ചാവ് എത്തിച്ചത് ഇപ്പോൾ അറസ്റ്റിലായ ആഷിഖും ഷാലിക്കുമാണെന്ന് തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.















